ചെറുതോണി: മികച്ച വിദ്യാലയങ്ങൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്ന ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം മൂന്നാം സ്ഥാനം വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന അധ്യാപക ദിനാഘോത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീനിൽനിന്നു സ്കൂൾ അധികൃതർ അവാർഡ് ഏറ്റുവാങ്ങി. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളും സാമൂഹ്യപ്രതിബദ്ധതയുള്ള വിവിധ പ്രവർത്തനങ്ങളും വിലയിരുത്തിയുള്ളതാണ് അവാർഡ്.
സംസ്ഥാനത്തെ മികച്ച അധ്യാപകരെ തെരഞ്ഞെടുത്ത് ആദരിക്കുന്ന പതിവാണ് ഇതുവരെയുണ്ടായിരുന്നത്. ഈ വർഷം മുതലാണ് സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്കും പുരസ്കാരം നൽകുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന വിദ്യാലയങ്ങൾക്ക് അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, ഒരുലക്ഷം രൂപ എന്നിങ്ങനെ കാഷ് അവാർഡും പ്രശസ്തിപത്രവും മെമന്റോയും നൽകും. ആദ്യവർഷം ജില്ലയിലെ മികച്ച സ്കൂളായും സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ സ്കൂളായും തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
രൂപത വിദ്യാഭ്യാസ ഏജൻസിയും സ്കൂൾ മാനേജ്മെന്റും പിടിഎയും നൽകുന്ന പ്രോത്സാഹനവും സഹകരണവും അധ്യാപകരുടെയും വിദ്യാർഥികളുടെയും ആത്മാർത്ഥമായ പരിശ്രമവുമാണ് സ്കൂളിനെ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരത്തിലേക്ക് നയിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ്, അസിസ്റ്റന്റ് മാനേജർ ഫാ. ജെറിൻ അയിലുമാലിൽ, പിടിഎ പ്രസിഡന്റ് ജോളി ആലപ്പുരയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി ഫ്രാൻസിസ് സെബാസ്റ്റ്യൻ, ഡിപിസി സോമൻ തെറ്റയിൽ, പിടിഎ വൈസ് പ്രസിഡന്റ് ബിജു കലയത്തിനാൽ, അധ്യാപകരായ ഫാ. തോമസ് കുളമാക്കൽ, ജോജി വർഗീസ്, അജിൻ സി. ചുമ്മാർ തുടങ്ങിയവർ ചേർന്ന് മന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.